Wednesday, 12 June 2013

അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം


 ഇന്ന് അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം. അരവയര്‍ നിറക്കാന്‍ അന്യന്റെ മുന്നില്‍ കൈനീട്ടുന്നവര്‍ മുതല്‍ രാവന്തിയോളം കഠിനമായ ജോലി ചെയ്യുന്ന കുരുന്നകളെ വരെ കാണാമായിരുന്നു നമ്മുടെ നാട്ടില്‍ മുമ്പൊക്കെ. ഇത്തരത്തില്‍ കുട്ടികള്‍ക്കെതിരെയുളള അതിക്രമം തടയാന്‍ സര്‍ക്കാരും ജനങ്ങളും മുന്നിട്ടിറങ്ങുമ്പോള്‍ ഈ രംഗത്ത് മാറ്റം വന്നിട്ടുണ്ടോ.

കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനു കീഴിലെ ചൈല്‍ഡ് ലൈന്‍, കേരളത്തിലെ പ്രധാന നഗരങ്ങളുടെ കണക്കു പറയുന്നത് ഇങ്ങനെ: തിരുവനന്തപുരം ചൈല്‍ഡ് ലൈനിലെ ഫോണ്‍ ഒരുവര്‍ഷത്തിനിടെ റിങ് ചെയ്തത് 70,000 തവണ. കുട്ടികളുടെ ക്ഷേമത്തിന് പ്രവര്‍ത്തിക്കുന്ന ഈ ഓഫീസിലേക്ക് എത്തിയ കോളുകളുടെ കണക്കു മതി കുട്ടികളോടുളള നമ്മുടെ മനോഭാവം മനസിലാക്കാന്‍. 790 കേസുകളാണ് ഇവിടെ മാത്രം ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ വിവിധ രീതിയില്‍ പീഡിപ്പിക്കപ്പെട്ട 127 കുട്ടികളെ മോചിപ്പിക്കുകയും ചെയ്തു.

കോഴിക്കോട് ജില്ലയില്‍ കുട്ടികള്‍ക്കെതിരെയുളള അതിക്രമത്തില്‍ ഏറെ കുറവുണ്ട്, പ്രത്യേകിച്ച് ബാലഭിക്ഷാടനം. ബാലവേലയും കുറഞ്ഞു. എന്നാല്‍ ചില ദുരന്തങ്ങള്‍ അപ്പോഴും മനസാക്ഷിയെ നടുക്കി. ഏപ്രില്‍ 30 ന് രണ്ടാനമ്മയുടെ ക്രൂരതയില്‍ ഏഴുവയസുകാരി അദിതിക്ക് ജീവന്‍ നഷ്ടമായത് കോഴിക്കോട്ടാണ്. രണ്ടാനമ്മ ദേവിക അന്തര്‍ജനം കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നെന്നാണ് അയല്‍ക്കാര്‍ നല്‍കുന്ന വിവരം.

കോഴിക്കോട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ രണ്ടു തവണ അദിതിയെ തേടി വീട്ടിലെത്തിയിരുന്നെങ്കിലും, കുട്ടി രക്ഷിതാക്കള്‍ക്കൊപ്പം പുറത്തായിരുന്നു. മറ്റൊരു തവണ അദിതിയെ തേടിയെത്തുന്നതിനു മുമ്പേ, അവള്‍ ക്രൂരമായി കൊല്ലപ്പെട്ടിരുന്നു.

ഫറോക്കില്‍ ചെരുപ്പ് നിര്‍മാണ കമ്പനിയില്‍ ജോലിക്കെത്തിയ രണ്ട് അന്യസംസ്ഥാന കുട്ടികളെ മോചിപ്പിച്ചത് ഒരു മാസം മുമ്പാണ്. കുറഞ്ഞ കൂലിക്ക് മണിക്കൂറുകളോളം ജോലി ചെയ്യേണ്ടി വന്ന ഈ കുരുന്നുകളെ ചൈല്‍ഡ് ലൈന്‍ ഇടപെട്ട് മോചിപ്പിച്ചു. എലത്തൂരില്‍ റെയില്‍വെ ജോലിക്കെത്തിയ ഇരുപതോളം കുട്ടികളെ മോചിപ്പിച്ചിട്ട് അധിക നാളായില്ല. അന്യസംസ്ഥാനത്തു നിന്നെത്തിയ ഇവരില്‍ പെണ്‍കുട്ടികളുമുണ്ടായിരുന്നു.

മലപ്പുറം ജില്ലയില്‍ രണ്ടു വര്‍ഷത്തിനിടെ 25 കുട്ടികളെയാണ് ചൈല്‍ഡ് ലൈന്‍ മോചിപ്പിച്ചത്. ഇവരില്‍ ഏറെയും ഹോട്ടല്‍ മേഖലയിലാണ് ജോലി ചെയ്തിരുന്നത്. അന്യസംസ്ഥാനത്തു നിന്നെത്തിയ ഇവരില്‍ പകുതിയോളം പേര്‍ക്കും വയസു തിരുത്തിയ വ്യാജ സര്‍ട്ടിഫിക്കറ്റുകളായിരുന്നു കരുത്ത്.

13/14 വയസുളള കുട്ടികളെ വ്യാജ രേഖയിലൂടെ വയസു തിരുത്തി കേരളത്തിലെത്തിക്കുന്ന സംഘം ഈ രംഗത്തു പ്രവര്‍ത്തിക്കുന്നതായി മലപ്പുറം ചൈല്‍ഡ് ലൈന്‍ കോഡിനേറ്റര്‍ മുഹമ്മദ് സാലിഹ് പറയുന്നു. കുറഞ്ഞ കൂലി നല്‍കി 16 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടി വന്നിരുന്നു ഇവരില്‍ മിക്കവര്‍ക്കും.

തൃശൂര്‍ ജില്ലയില്‍ ഒരു വര്‍ഷത്തിനിടെ മോചിപ്പിച്ചത് ബാലവേലയിലേര്‍പ്പെട്ട 73 കുട്ടികളെയാണ്. ബാലഭിക്ഷാടകരുടെ എണ്ണത്തിലും ഈ നഗരത്തില്‍ വലിയ കുറവൊന്നുമില്ല, പതിവു പോലെ അന്യ സംസ്ഥാനക്കാര്‍ തന്നെയാണ് ഇവരില്‍ മുന്നില്‍. ഗുരുവായൂരില്‍ വീട്ടു വേലയില്‍ ഏര്‍പ്പെട്ട തമിഴ് ബാലികയെ മോചിപ്പിച്ചത് ഒരു മാസം മുമ്പാണ്.

വിവാഹം കഴിപ്പിച്ചു നല്‍കാമെന്ന് പറഞ്ഞാണ് ചെന്നൈ സ്വദേശിയായ 13 കാരിയെ കേരളത്തിലേക്ക് കടത്തിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. പണമായിരുന്നു ഏജന്റിന്റെ ലക്ഷ്യം. ചെന്നൈ ചൈല്‍ഡ് ലൈന്‍ അധികൃതരുമായി ബന്ധപ്പെട്ട് കുട്ടിയെ അമ്മക്കു കൈമാറി.

എറണാകുളത്ത് ഈ വര്‍ഷം ജനുവരിമുതലുളള അഞ്ചു മാസത്തിനിടെ 20 കേസുകളാണ് ബാലവേലയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. മറുനാട്ടുകാരാണ് ഇവരെല്ലാം. രക്ഷിതാക്കളുടെ സംരക്ഷണം ലഭിക്കുന്നവണ് ഇവരെന്ന പ്രത്യേകതയുമുണ്ട് ഇവിടെ. കുട്ടികളുടെ ഭിക്ഷാടനവും ഈ നഗരത്തില്‍ വ്യാപകമാണ്. ഇവിടെയും വില്ലന്മാര്‍ അന്യനാട്ടുകാര്‍ തന്നെ.

റെയില്‍ വെ സംരക്ഷണ സേന നടപടി ശക്തമാക്കിയതോടെ തീവണ്ടിയില്‍ ഭിക്ഷാടനം നിലച്ചിട്ടുണ്ട്. ഭിക്ഷാടനം നിരോധിച്ചിട്ടും തിരുവനന്തപുരത്ത് ഭിക്ഷയെടുക്കുന്ന കുട്ടികളെ പലപ്പോഴും ശ്രദ്ധയില്‍ പെടാറുണ്ട്.

മറ്റു ജില്ലകളിലും കണക്കുകളും ഇവയില്‍ നിന്ന് വിഭിന്നമല്ല. കണക്കുകള്‍ക്കപ്പുറം കുട്ടികളോടുളള മനോഭാവമാണ് മാറേണ്ടതെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ നല്‍കുന്ന നിര്‍ദേശം.

No comments:

Post a Comment